കാഞ്ഞിരപ്പള്ളി: പൂമരത്തണൽ പ്രകൃതികുടുംബം നടത്തിവരുന്ന സൗജന്യ വൃക്ഷ വ്യാപന പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി ഈ വർഷം മുതൽ ക്രിസ്തു വൃക്ഷം എന്ന പേരിൽ സൗജന്യമായി വൃക്ഷത്തൈകൾ നടുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളിയിൽ നടത്തി.
രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സംസ്ഥാന വനമിത്ര പുരസ്കാര ജേതാവ് സുനിൽ സുരേന്ദ്രനിൽനിന്നു ക്രിസ്മസ് മരം ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിനായി നിസ്വാർഥമായി സേവനം ചെയ്യുന്നവർക്ക് സഭയുടെ പൂർണ പിന്തുണയും സഹകരണവും ഉറപ്പുവരുത്തുമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
രൂപത വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, ചാൻസലർ റവ.ഡോ. മാത്യു ശൗര്യാംകുഴി, എംഎംടി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. സിറിൽ മുതുകുന്നേൽ, ജോയൽ ജോബി, സുഷിത സി. അഭിമന്യു എന്നിവർ പങ്കെടുത്തു.
ഇതിനോടകം ഗുരുവൃക്ഷം, അക്ഷരവൃക്ഷം, ആതുരവൃക്ഷം, മംഗല്യവൃക്ഷം, നവഗൃഹ വൃക്ഷം, വിരുന്നു വൃക്ഷം, അമൃതവൃക്ഷം, കാവൽ മരം, കാവൊരുക്കൽ, സുഗതസൂക്ഷ്മ വനം, നക്ഷത്രവനം അടക്കം വൈവിധ്യമാർന്ന രീതിയിൽ 85,000ത്തിലധികം വൃക്ഷത്തൈകൾ സൗജന്യമായി കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി നടുകയും വിതരണം ചെയ്യുകയും ചെയ്തുകഴിഞ്ഞു. ഇത്തരത്തിലുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനമിത്ര പുരസ്കാരമടക്കം സംസ്ഥാന, ദേശീയ, അന്തർദേശീയ അംഗീകാരങ്ങളും പൂമരത്തണലിനെ തേടിയെത്തിയിട്ടുണ്ട്.